തള്ളക്കോഴി ചൂട് പകർന്നില്ല, പ്രസവിച്ച കുഞ്ഞ് ചത്തു
ചെറുവത്തൂർ: കോഴി പ്രസവിച്ചു... കാക്ക മലർന്നുപറക്കുന്നു... ഇതൊക്കെ അതിശയോക്തിയോടെ പലപ്പോഴും പരാമർശിക്കുന്ന കാര്യങ്ങൾ മാത്രം. എന്നാൽ, ഇതിൽ കോഴിയുടെ പ്രസവം നടന്നുകഴിഞ്ഞു. സുഖപ്രസവമായിരുന്നുവെന്ന് മാത്രമല്ല പ്രസവാനന്തരം അമ്മയും കുഞ്ഞും ആരോഗ്യപ്രശ്നം കൂടാതെ രണ്ട് ദിവസത്തോളം കഴിഞ്ഞു. പക്ഷെ നവജാതശിശുവിനെ വേണ്ട രീതിയിൽ പരിപാലിക്കാനും 'മുലയൂട്ടാനും' തള്ളക്കോഴി ഒരുങ്ങാതായപ്പോൾ കഴിഞ്ഞ ദിവസം കുഞ്ഞു ചത്തു.
ചീമേനിക്കടുത്ത പൊതാവൂർ പുലിയന്നൂരിലെ പി.പി. ഭരതന്റെ വീട്ടിലാണ് കോഴിയുടെ സുഖപ്രസവം നടന്നത്. ഒരു വർഷം മുന്പ് കുടുംബശ്രീ മുഖാന്തിരം ലഭിച്ച കോഴിയാണ് വീടിന്റെ വരാന്തയിൽ ഈ അത്ഭുതകർമ്മം നിർവഹിച്ചത്. വീട്ടുകാരുടെ കൺമുന്നിൽ പ്രസവിച്ച തള്ളക്കോഴി പരിപാലിക്കാൻ തയ്യാറാകാതെ തിരിഞ്ഞുനടന്നതാണ് കോഴിക്കുഞ്ഞ് ചാകാനിടയായതെന്ന് വീട്ടുകാർ പറയുന്നു.
സാധാരണ മുട്ടവിരിഞ്ഞുണ്ടാകുന്ന കോഴിക്കുഞ്ഞുങ്ങളെ ചിറകിനടിയിൽ ഒളിപ്പിച്ച് ചൂടുപകർന്നാണ് കോഴികൾ സംരക്ഷിക്കുന്നത്. പക്ഷേ, ഇവിടെ അതുണ്ടായില്ല. തുടർന്ന് വീട്ടുകാർ കൃത്രിമചൂടു നൽകിയും പശുവിൻപാൽ കൊടുത്തുമൊക്കെ സംരക്ഷിക്കാൻശ്രമിച്ചുവെങ്കിലും കോഴിക്കുഞ്ഞിന് രണ്ട് ദിവസത്തെ ആയുസ് മാത്രമെ ഉണ്ടായിരുന്നുള്ളു. ചുവന്ന പൊക്കിൾകൊടിയോട് കൂടിയാണ് കുഞ്ഞ് പിറന്നുവീണതെന്ന് വീട്ടുകാർ പറയുന്നു. അതോടൊപ്പം വെള്ളനിറത്തിലുള്ള കോഴിക്കുഞ്ഞിനൊപ്പം മറുപിള്ളപോലുള്ള അവശിഷ്ടവും ഉണ്ടായിരുന്നു.
പ്രായപൂർത്തിയായത് മുതൽ കോഴി സ്ഥിരമായി മുട്ടയിട്ടിരുന്നെങ്കിലും അടയിരിക്കാൻ തയ്യാറാകാത്ത സ്വഭാവമായിരുന്നു. കോഴി പ്രസവിച്ച അത്ഭുത വാർത്തയറിഞ്ഞ് ശാസ്ത്രകുതുകികളായ വിദ്യാർത്ഥികളും നാട്ടുകാരും വീട്ടിലെത്തിയിരുന്നു.
അത്യപൂർവമായി ഇത്തരം സംഭവങ്ങൾ ഉണ്ടായേക്കാമെന്ന് ചീമേനി മൃഗാശുപത്രിയിലെ വെറ്ററിനറി സർജൻ ഡോ. പി. പ്രശാന്ത് പറയുന്നു. അകത്ത് കുരുങ്ങിപ്പോയ മുട്ട അനുയോജ്യമായ ഊഷ്മാവ് ലഭിച്ചപ്പോൾ അവിടെവച്ച് തന്നെ വിരിഞ്ഞ് പുറത്തുവന്നതാകാമെന്നാണ് ഡോക്ടറുടെ നിഗമനം. കുഞ്ഞ് ചത്തുപോയെങ്കിലും ശാസ്ത്രലോകത്തിന് പുത്തൻ അറിവ് പകർന്ന തള്ളക്കോഴിയെ കാണാൻ ഇപ്പോഴും ആൾക്കാർ വരുന്നുണ്ട്.
കോഴി പ്രസവിച്ചു..
