തലതിരിഞ്ഞ മല്‍സ്യങ്ങള്‍
തലതിരിഞ്ഞ മല്‍സ്യങ്ങള്‍
സ്വന്തം ലേഖകന്‍
അപ് സൈഡ് ഡൌണ്‍ ക്യാറ്റ് ഫിഷ്
കൊച്ചി . തലകീഴായി പായുന്ന തലതിരഞ്ഞവരാണ് ഇപ്പോള്‍ മാര്‍വല്‍ അക്വാ സിസ്റ്റത്തിലെ താരങ്ങള്‍. പത്തെണ്ണമേ ഉള്ളെങ്കിലും പകിട്ടില്‍ മറ്റു പല വില കൂടിയ താരങ്ങള്‍ വിചാരിച്ചാലും നടക്കാത്ത അഭ്യാസമാണു പത്തംഗ സംഘം അക്വേറിയത്തില്‍ കാഴ്ചവയ്ക്കുന്നത്.
ഇന്റര്‍നാഷനല്‍ സ്റ്റേഡിയം റിങ് റോഡിലുള്ള മാര്‍വല്‍ അക്വാ സിസ്റ്റം എന്ന സ്ഥാപനത്തിലാണു ക്യാറ്റ് ഫിഷ് വിഭാഗത്തില്‍പ്പെട്ട കോംഗോ സ്വദേശികളായ സൈനോഡോണ്‍ട്രിസ് നൈഗ്രിവെന്‍ട്രിസ് അഥവാ അപ് സൈഡ് ഡൌണ്‍ ക്യാറ്റ് ഫിഷ് എന്ന മല്‍സ്യം ഇപ്പോള്‍ താരമായത്. മറ്റു മല്‍സ്യങ്ങള്‍ സാധാരണ പോലെ വെള്ളത്തില്‍ പായുമ്പോള്‍ ഇക്കൂട്ടര്‍ തലകീഴായിട്ടാണു സഞ്ചാരം. പാറക്കെട്ടുകള്‍ക്കിടയിലും അടിയിലുമുള്ള ഭക്ഷണം കണ്ടെത്തുന്നതിനാണു നൈഗ്രിവെന്‍ട്രിസ് മല്‍സ്യങ്ങള്‍ ഇങ്ങനെ തലകീഴായി സഞ്ചാരം തുടങ്ങിയതെന്നു സ്ഥാപന ഉടമ കെ.എം. ഹംസ പറയുന്നു.
ഒരു മാസം മുന്‍പാണു 10 മല്‍സ്യങ്ങളെ ഹംസ സിംഗപ്പൂരില്‍ നിന്നു വാങ്ങിയത്. 10 മുതല്‍ 20 സെന്റീമീറ്റര്‍ വരെ വലുപ്പം വയ്ക്കുന്ന മല്‍സ്യത്തിന്റെ കുഞ്ഞ് ഒന്നിന് 250 രൂപയാണു വില. വലുതിന് 1000 രൂപ വരെ ലഭിക്കും. പിറന്നു വീണു രണ്ടു മാസം കഴിയുമ്പോള്‍ തന്നെ അപ് സൈഡ് ഡൌണ്‍ ക്യാറ്റ് ഫിഷ് തലതിരിയാന്‍ തുടങ്ങും. പിന്നെ ജീവിതകാലം മുഴുവന്‍ യാത്ര തല കീഴായി തന്നെ.