Recent news
കോട്ടയം നഗരമധ്യത്തില്‍ പൂര്‍ണ നഗ്നനായി യുവാവ് ബൈക്കില്‍
സ്വന്തം ലേഖകന്‍
കോട്ടയം നഗരത്തില്‍കൂടി നഗ്നനായി ബൈക്ക് ഓടിച്ചുപോകവേ നാട്ടുകാര്‍ പിടിച്ച് പൊലീസില്‍ ഏല്‍പ്പിച്ച ഗോപന്‍ ടി നായര്‍ ചിങ്ങവനം പൊലീസ് സ്റ്റേഷനില്‍.
2 ഗ്നക്ഷ 2
കോട്ടയം . നഗരം അന്തം വിട്ടു നോക്കി നില്‍ക്കെ ബൈക്കില്‍ പൂര്‍ണ നഗ്നനായി സഞ്ചരിച്ച യുവാവ് പിടിയില്‍. മണര്‍കാട് ഒറവയ്ക്കല്‍ പുതിയകാവില്‍ ഗോപന്‍ ടി നായരാണ് (32) അറസ്റ്റിലായത്. ഇന്നലെ വൈകിട്ട് ആറുമണിയോടെ ഉടുവസ്ത്രമില്ലാതെ ബൈക്കില്‍ കെ.കെ റോഡിലൂടെ പാഞ്ഞുപോയ യുവാവ് പിന്നീട് എംസി റോഡിലെത്തി. പിന്നാലെ പാഞ്ഞ പൊലീസിനു യുവാവിന്റെ വേഗത്തിനൊപ്പമെത്താന്‍ കഴിഞ്ഞില്ല. ഒടുവില്‍ മൂലേടം കുറ്റിക്കാട്ടിനു സമീപത്തു നാട്ടുകാര്‍ തടഞ്ഞുനിര്‍ത്തി. നാട്ടുകാരെ ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ അവര്‍ വളഞ്ഞിട്ടു തല്ലി. പിന്നീട് പൊലീസെത്തി സ്റ്റേഷനിലെത്തിച്ചു. മാനസികവിഭ്രാന്തി കാണിക്കുന്ന യുവാവ് പനച്ചിക്കാട് സ്വദേശി കാര്‍ത്തിക് എന്നാണ് പൊലീസിനോട് പറഞ്ഞത്. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് യഥാര്‍ഥ വിലാസം കണ്ടെത്തിയത്
മാനസികവിഭ്രാന്തി മൂലമോ ലഹരിയുടെ ഉന്മാദത്തിലോ ആകാം യുവാവ് നഗ്നനായി സഞ്ചരിച്ചതെന്നു പൊലീസ് പറയുന്നു. ചോദ്യം ചെയ്യലില്‍ പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് പറയുന്നത്. കൂട്ടുകാരുമായി വാതുവച്ച് ബൈക്ക് ഓടിച്ചതാണോയെന്നും അന്വേഷിക്കുന്നുണ്ട്. കെകെ റോഡില്‍ മണര്‍കാട് മുതല്‍ ഐഡ ജംക്ഷന്‍ വരെ എത്തിയ യുവാവ് പിന്നീട് എംസി റോഡിലൂടെ കോടിമത കടന്ന് മൂലേടത്ത് എത്തി. മൂലേടം റയില്‍വേ മേല്‍പ്പാലത്തിന്റെ പണി നടക്കുന്നതിനാല്‍ അവിടെ നിന്ന് ഇടവഴിയിലൂടെ റയില്‍വേ തുരങ്കത്തിനകത്തേക്ക് ബൈക്ക് ഓടിക്കുമ്പോഴാണു നാട്ടുകാര്‍ പിടികൂടിയത്. കടന്നുപോയ സ്ഥലങ്ങളിലെല്ലാം സ്ത്രീകളും കുട്ടികളും അടക്കം നൂറുകണക്കിനു യാത്രക്കാരും വഴിപോക്കരുമുണ്ടായിരുന്നു.
തിരക്കേറിയ സ്ഥലങ്ങളില്‍ എഴുന്നേറ്റു നിന്നും ബൈക്ക് ഓടിച്ചുവെന്നു ദൃക്സാക്ഷികള്‍ പറഞ്ഞു. കേട്ടവരും കണ്ടവരും ഫോണിലൂടെ മറ്റുള്ളവരെ അറിയിച്ചു. നഗരത്തിലുണ്ടായിരുന്ന പൊലീസുകാര്‍ ബൈക്കിലും ജീപ്പിലുമായാണ് പിന്നാലെ പാഞ്ഞത്.
ചിങ്ങവനം പൊലീസ് എത്തിയാണ് അറസ്റ്റ് ചെയ്തത്. ജീപ്പില്‍ വച്ച് യുവാവ് പൊലീസുകാരെ മാന്തുകയും കടിക്കുകയും ചെയ്തു. രാത്രി വൈദ്യ പരിശോധനയ്ക്കു വിധേയനാക്കി.